In my heart

അക്ഷരങ്ങളിലേക്ക് കയറി പോകവേ ഞാനവിടെയെല്ലാം സ്നേഹത്തിന്റെ സുഗന്ദ സുമങ്ങള് കണ്ടു..............rameshvalakada@gmail.com or 9809485003

Monday, April 20, 2020

ഭ്രാന്തം

എന്നോ പിഞ്ഞിയടർന്നു പോയൊരീ
മഴക്കാല പുസ്തകത്തിൽ
മഴവില്ലു നിറം ചാർത്തിയൊരാ
മഴത്തുള്ളികൾക്കുള്ളിൽ
നനഞ്ഞൊട്ടി തണുത്തുപോയൊരാ
യൗവന സ്വപ്നം മിഴി
തുറന്നെന്നെ നോക്കുന്നു.

അരുതരുതെന്നിലഗ്നിയിൽ
പിടയുന്നൊരതിമോഹമമരുന്ന
ഹൃത്തിലെത്തി നോക്കരുത്.

നവനവ മുകുളങ്ങളത്തിരിടുന്നൊരീ
നയനങ്ങളിൽ നീ തപസ്സിരിക്ക !

രവ രഹിതമാം വരികളായി
വിരിയുന്ന വാക്കുകൾക്കുള്ളിൽ
നീയിടി നാദമായി പ്രകമ്പനം കൊള്ളുക.

ഏതോ വിലാപ വേണുവിൽ
നിന്നിനിയും നിലയ്ക്കാത്ത
മോഹം പെയ്യവേ,

മഷി പടരാതിരിക്കുവാനെന്റെ
മിഴിയുടെയാകാശമടച്ചു വച്ചു...

Sunday, February 2, 2020

എന്റെ നിലാവ്

പാഴ്കളയായ് പുലർന്നു ഞാൻ പാരിൽ
പതിരായി പതിയെ കൊഴിഞ്ഞു വീഴാൻ.

വേദന വിതുമ്പുന്ന ചുണ്ടിനാൽ പാടുവാൻ
വ്യർഥ ജന്മത്തിന്റെ വീചികൾ കോർത്തു...

നരച്ച പകലുകൾ,നിറം കെട്ട രാത്രികൾ
നിറമെയില്ലാത്ത വിളറിയ ജീവിതം !

വികലമാം വിചാരങ്ങൾ വളർത്തുന്ന
വിഷ തരുക്കളുടെ തോട്ടങ്ങളും...

തകർന്നടിഞ്ഞു വെറും പാശുവാകവേ,
കാർമേഘമാലകൾ മാഞ്ഞു പോയ്, പിന്നെ,

വിടർന്നെന്റെ വാനിൽ നിലാവെട്ടങ്ങളും,
ജ്വര കദനങ്ങളിൽ ജീവിതം മുളയ്ക്കുന്നു.

വേദനയുടെ ഞരമ്പുകളിലൊരു
കുഞ്ഞു വിരൽ സ്പർശനം..!

വിഷാദ വീചികൾ വസന്ത ഗീതമായി !
വിചാരങ്ങളെല്ലാം വെണ്മേഘ മാലകൾ

പാഴ്കളയുടെ പാടങ്ങളിൽ
പ്രതീക്ഷയുടെ വിത്തുകൾ മുളയ്ക്കുന്നു.

ആനന്ദ ഗീതങ്ങളാലാഘോഷമാകുന്നു
ഇന്നോരോ മാത്രകൾ പോലും !

ഇന്നീ വിടരുന്ന പൂക്കളിലെന്റെ
നിലാവ് പുഞ്ചിരിക്കുന്നു...

Friday, October 4, 2019

വാക്കിന്റെ വാതിൽ.

 

ഓരോ വാക്കുമോരോ വാതിലുകളാവുന്നു
വാക്കിന്റെ ഹൃദയം പോലെ 
മുറിയൊഴിഞ്ഞേ കിടക്കുന്നു...
വാക്കിന്റെ ഭിത്തിയിൽ
വരഞ്ഞിട്ട കോലങ്ങൾ ചിരിക്കുന്നു.
വിളർത്ത വരകളിൽ
വിതുമ്പുന്ന ചുണ്ടുകൾ...
വാക്കൊരു ചിത്രമായി ചിരിക്കുന്നു!
വാക്കെവിടെയെന്നു തിരയവേ,
വിളികൾക്കപ്പുറത്തെവിടെയോ
വാക്കൊരു ധ്വനിയായി മറയുന്നു...

വാക്കിന്റെ വാതിലുകൾക്കപ്പുറത്തേതോ
വിരിയിട്ട ജാലകം വിതുമ്പി നിൽക്കുന്നു.
വിരിയൊതുക്കവേ കാണുന്നു,
വാക്കൊരു പൂക്കാലമായി 
പൂത്തു നിൽക്കുന്നു...
വാക്ക് ഗിരി നിരകളാവുന്നു,
നീർ നദികളാവുന്നു,
നാദ തരങ്കിണിയാവുന്നു.
വാക്കുകൾ കാഴ്ചകൾക്കപ്പുറത്ത്
പ്രപഞ്ച പ്രകാശമാവുന്നു,
വാക്കിന്റെ വെട്ടം
വഴികാട്ടിയാവുന്നു.
വാക്കെന്റെ ഞരമ്പിൽ പൂക്കുന്നു.
വാക്കുണർന്നെന്റെ 
വീഥിയും വിളക്കുമാവുന്നു...

വാക്കെന്നിലേക്കുള്ള വാതിലുകളാവുന്നു
വാക്ക്,ഞാൻ തന്നെയാവുന്നു...!
                     _രമേഷ്. സി.പി



Friday, January 4, 2019

ഇരുട്ട്

 കാലത്തിന്റെ ഹൃദയ സ്പന്ദനം പോലെ ഘടികാരത്തിന്റെ ശബ്ദം എവിടെ നിന്നോ മുഴങ്ങികൊണ്ടേ ഇരുന്നു. പകൽ എരിഞ്ഞടങ്ങിയിട്ടില്ല,എങ്കിലും മുറിക്കുള്ളിൽ ഖനീഭവിച്ച ഇരുട്ട് നിശ്ശബ്ദയായി നില കൊണ്ടു.

എവിടെയൊക്കെയോ നിന്ന് ആരുടെയൊക്കെയോ സംസാരം ഉയർന്നു കേൾക്കുന്നുണ്ട്. ചിലപ്പോൾ കിതപടങ്ങാത്ത നെഞ്ചിൽ നിന്നും ചെറിയ വേദന തോന്നി. ഹൃദയം പൊട്ടിപോകുമോ എന്നു ഭയന്നു. മസ്തിഷ്ക്കത്തിന്റെ മതിലുകൾ ഭേദിച്ചു എന്തൊക്കെയോ പുറത്തേക്ക് ചിതറുമെന്നു തോന്നി.തലയ്ക്കുള്ളിൽ നിന്നും ഒരു പേമാരിയുടെ ഇരമ്പം തുടർന്ന് കൊണ്ടിരുന്നു.

ഒന്നും ഓർക്കാൻ കഴിയാതെ ചിന്തിക്കാൻ കഴിയാതെ ഇരുന്നു പോയി...
മുന്നിൽ വെളിച്ചമില്ല,ഇരുൾ മാത്രം.
കട്ട പിടിച്ച ഇരുട്ട്.
കറുത്ത രൂപങ്ങൾ ആർത്തട്ടഹസിക്കുന്ന ഇരുട്ട്.
വെളിച്ചത്തിന്റെ ഒരു തുള്ളി കാണാൻ കണ്ണുകൾ ദാഹിച്ചു,ഇറുകെ അടച്ച മിഴിക്കുള്ളിൽ വെളിച്ചത്തിന്റെ സ്വപ്നം മരവിച്ചു നിന്നു.
കിതപ്പിന്റെ ഒച്ചയിൽ പോലും പേടിച്ചു.ശ്രവണപുടങ്ങളെ തകർത്തു കളയുന്ന ഘോര ഘർജനം പോലെ ശ്വാസോച്ഛാസം ഞെട്ടിച്ചു കൊണ്ടിരുന്നു.
ജീർണ്ണിച്ച മുറിക്കുള്ളിലെ വായുവിൽ ശ്വാസ ശബ്ദങ്ങൾ പ്രതിധ്വനിച്ചു കൊണ്ടിരിക്കെ, അടുത്തെവിടെയോ നിന്ന് ഒരു പൊട്ടിച്ചിരി ഉയർന്നു.ആരുടെയോ ഉറക്കെയുള്ള സംസാരം അകന്നകന്നു പോയികൊണ്ടിരിക്കുമ്പോൾ തെരുവിന്റെ ഏതോ കോണിൽ നിന്നും ആൾക്കൂട്ടം ഓടിയടുത്തു വന്നു കൊണ്ടിരുന്നു.
നെഞ്ചിൻ കൂട് പൊളിച്ച് ഹൃദയം പുറത്തു വീണു എന്നു തോന്നി.
ഉൾകിടിലത്തോടെ ചാടിയെഴുന്നേറ്റു.ഇരുൾ മൂടിയ മുറിക്കുള്ളിലെ ഏതോ കോണിൽ തലയിടിച്ചു. വേദനയും സങ്കടവും കണ്ണുകളിലൂടെ ഒഴുകി.
പെണ്ണായത് കൊണ്ടല്ലേ?
കണ്ണീര് ചോദിച്ചു.
കാലുകൾ തളർന്നു.ഓടിയടുത്തു വന്ന ആൾക്കൂട്ടത്തിന്റെ പാദപതനം അകന്നകന്നു പോയി.തളർന്ന കാൽമുട്ടിൽ തല ചായ്ച്ചു മിഴികളടച്ചു.പെയ്തു കൊണ്ടിരുന്ന കണ്ണുകളിൽ കടലിരമ്പി...

നല്ല വെയിലുള്ളത് കൊണ്ട് വേഗത്തിലാണ് നടന്നത് .ശരീരത്തെ മൊത്തത്തിൽ ഉരുക്കി കളയുമെന്ന ഭീഷണിയോടെ വെയിൽ ചീളുകൾ പൊള്ളിച്ചു കൊണ്ടിരുന്നു.
നടക്കുമ്പോൾ തഴുകി കടന്നു പോകുന്ന കാറ്റു മാത്രം കാരുണ്യം കാണിച്ചു. ക്ഷീണം തളർത്തുന്ന കാലുകൾ വലിച്ചു നടക്കുമ്പോഴാണ് പിന്നാലെ അവർ വന്നത്.
അവർ ആറു പേരുണ്ടായിരുന്നു എന്നത് എങ്ങനെയാണ് മനസ്സിലായത് എന്നറിയില്ല.പക്ഷെ അവരിൽ ഓരോരുത്തർക്കും പ്രകടമായ ശബ്ദ വ്യത്യാസം ഉണ്ടായിരുന്നു.
സ്ത്രൈണ ശബ്ദത്തിന്റെ ഉടമയാണ് ആദ്യം കൈ കടന്നു പിടിച്ചത്.തിരിഞ്ഞു നോക്കിയപ്പോൾ മുഖം നിറയെ താടി മീശയുള്ള ഒരു പ്രാകൃത രൂപം.പക്ഷെ കൂടെയുള്ളവരിൽ എല്ലാവരും നല്ല രീതിയിൽ വസ്ത്രം ധരിച്ചവരായിരുന്നു.
"എന്താ" എന്നു ചോദിക്കാനുള്ള ശ്രമത്തിനിടയിലാണ് അവരുടെ കണ്ണുകളിലെ കഴുകന്മാരെ കണ്ടത്.ചുറ്റും വളഞ്ഞു നിന്ന അവരെ തട്ടി മാറ്റി വെയിലിലൂടെ ഓടുമ്പോൾ കണ്ണുകളിൽ വെയിൽ മാത്രമായിരുന്നു.കരാളമായ കരങ്ങൾ കൊണ്ട് ഞെരിക്കുന്ന വെയിൽ.
കിതച്ചു കൊണ്ട് ഓടുന്നതിനിടയിൽ എപ്പോഴോ ആണ് പിന്നിൽ ആരും പിൻ തുടരുന്നില്ല എന്നു മനസ്സിലായത്.
ആശ്വാസത്തിന്റെ ശ്വാസം വലിക്കുമ്പോൾ തെരുവിന്റെ മതിൽ കൂമ്പാരങ്ങൾ വിഴുങ്ങുന്നതറിഞ്ഞു.
ജീർണ്ണിച്ച ഒരു വാതിലാണ് മുന്നിൽ.വീണ്ടുമൊന്നു ചിന്തിക്കാൻനിൽക്കാതെ അതു തള്ളിതുറന്നു ഉള്ളിൽ കയറി. മാറാലയുടെ മടുപ്പിക്കുന്ന കൈകൾക്കുള്ളിൽ പെട്ടപോൾ ഏകയാണെന്ന സുരക്ഷിതത്വം ഓർത്തു.
വാതിലടച്ചു തറയിൽ ഇരുന്നപ്പോൾ ഇരുട്ട് കൂട്ടിനു വന്നു. ഭയപ്പെടുത്തുന്ന ഇരുട്ട് തന്നെയാണ് ചിലപ്പോൾ സംരക്ഷണത്തിന്റെ പുതപ്പാവുന്നതും.
ഗതി മുട്ടിയ ചിന്തകളും മിടിപ്പേറിയ ഹൃദയവും പതുക്കെ ഉണരാൻ തുടങ്ങി, പുറത്തു കടക്കണം രക്ഷപെടണം.
എപ്പോൾ വേണമെങ്കിലും എത്തിയേക്കാവുന്ന അധമരുടെ വിശപ്പിൽ നിന്നും രക്ഷപെടണം.
പക്ഷെ എങ്ങിനെ?
അറിയില്ല.
മെല്ലെ വാതിൽ തുറന്നു,പുറത്തേക്ക് നീണ്ട കാഴ്ചയിൽ ഇരുൾ പടർന്ന കെട്ടിടങ്ങളുടെ നിഴലുകൾ കണ്ടു.
രാത്രിയാവുന്നു...
ഉൾക്കിടിലങ്ങളും വിവശതയും പിന്നെയും കീഴടക്കി.
ചരൽക്കൂട്ടങ്ങളിൽ ചവിട്ടി നടക്കുമ്പോൾ തെരുവോരത്തെ മതിലുകളിൽ ന്യൂയർ വിഷസുകൾ കണ്ടു.വർണ്ണങ്ങൾ മിന്നുന്ന വെളിച്ചത്തിൽ ആഘോഷങ്ങളുടെ ധ്വനി മുഴങ്ങി.
മദ്യത്തിന്റെ മണമുള്ള വാക്കുകൾ കൊണ്ട് ആളികൾ കല്ലെറിയുന്നുണ്ടായിരുന്നു.
എങ്ങും നോക്കാതെ ധൃതിയിൽ നടന്നു.
നിഴലുകൾക്ക് കറുപ്പേറി വന്നു. ഉറക്കെ സംസാരിച്ചു നീങ്ങുന്ന ആൾക്കൂട്ടങ്ങൾ കുറഞ്ഞു തുടങ്ങി.വഴി വിജനമായിതുടങ്ങി.പാത വിളക്കുകൾ നിർവികാരമായി നില കൊണ്ടു.ഉഷ്ണക്കാറ്റ് മാത്രംമൂളി പറന്നുകൊണ്ടിരുന്നു.
എവിടെയോ നഷ്ട്ടപെട്ട ചെരിപ്പുകളെ സ്മരിച്ചു കൊണ്ട് കാലുകൾ വേദനിച്ചു.
കൂർത്ത ചരൽ കല്ലുകൾ വല്ലാതെ വേദനിപ്പിച്ചപ്പോൾ നടത്തം നിറുത്തി,ഒരു നിമിഷം നിറഞ്ഞ കണ്ണുകളെ തുടച്ചു കളഞ്ഞു.

ഇരുട്ട് പടന്നു കയറുന്ന ആകാശത്തോളം ഭയവും വലുതായിക്കൊണ്ടിരുന്നു.
നീട്ടി വച്ച കാലുകളിൽ ചങ്ങല വീണത് പോലെ ഒരു ജീപ്പ് വന്നു നിന്നു.
എടുത്തെറിയപെടവേ നിലവിളിയെ ഒരു പ്രഹരം കൊണ്ട് തകർത്തു കളഞ്ഞു.മുഖം നിറയെ താടീ മീശയുള്ളവൻ ആർത്തു ചിരിച്ചു കൊണ്ട് വണ്ടിയോടിക്കുന്നത് കണ്ടു.ശരീരം നിറയെ കൈപ്പത്തികൾ പിടിമുറുക്കിയിരിക്കുന്നു. കൈകൾ മാത്രമുള്ള രൂപങ്ങളാൽ പൊത്തിയപ്പെട്ടത് പോലെ.
വേദനയുടെ വികൃത രവം തൊണ്ടയിൽ പിടഞ്ഞു തളർന്നു. ഒന്നും കാണാൻ അനുവദിക്കാതെ കണ്ണീരൊഴുകി കൊണ്ടിരുന്നു.

രാത്രി,നിറയെ സൂചികളുള്ള വേദനയായി ഉടലിനെ പൊതിഞ്ഞു...
ചിറകടിച്ചു പറക്കുന്ന ഒരു വലിയ കഴുകന്റെ കൂർത്തു മൂർത്ത നഖങ്ങളിൽ കൊളുത്തി വലിച്ചു തൂക്കിയെടുക്കപ്പെട്ടിരിക്കുന്നു.

രക്തമൊഴുകുന്ന മുറിവുകൾ മാത്രമായിരിക്കുന്നു ഞാൻ.
തീഷ്‌ണ നോവുകളുടെ ഏതോ യാമത്തിൽ പ്രഞ്ജയുടെ ബന്ധനവും അകന്നു പോയി.

ഭ്രാന്തമായ താണ്ഡനത്തിൽ അലരിക്കരഞ്ഞു കൊണ്ട് കൺ തുറക്കുമ്പോൾ ചോരയിൽ കുതിർന്ന ശരീരത്തിൽ ഇനിയും മതിയാവാത്ത മാംസ ഭോജികൾ രാക്ഷസ കൂട്ടങ്ങളായി മതിക്കുന്നു.

അർദ്ധ രാത്രിയുടെ ആകാശത്തേക്ക് അമിട്ടുകൾ പൊട്ടി,ആകാശപൂക്കൾ വിടർന്നു.പുതു വർഷത്തിന്റെ കാഹളം മുഴങ്ങി.
കൂട്ടുകാരന് പുതു വർഷം ആശംസിക്കുന്ന സ്ത്രൈണ സ്വരം കേട്ടു.

വായിൽ നിറയെ രക്തം വന്നുനിറഞ്ഞു, മേലാകെ ഞെട്ടി വിറച്ചു.
ഇരുട്ട് കണ്ണിൽ നിറഞ്ഞു.

              രമേഷ്. സി.പി


Friday, December 14, 2018

പ്രണയിക്കുവാനിഷ്ട്ടം

പ്രണയിക്കുവാനിഷ്ട്ടം
പ്രണയത്തിൻ പൂമരമായി പൂക്കുവാനിഷ്ട്ടം

പ്രണയത്തിൻ പാലാഴിയായി     പടർന്നൊഴുകാനിഷ്ടം
പ്രണയത്തിൻ പ്രചണ്ട പ്രവാഹമാകണം.

പ്രണയത്തിനാഴിയിൽ പടരുന്നൊരർക്ക-                                     
രശ്മിയായലയുവാനിഷ്ട്ടം...

പ്രണയത്തെ പ്രാണനാൽ പൊതിയുവാനിഷ്ട്ടം

പ്രണയിച്ചു പിഞ്ഞി
പറന്നുപോകുവാനിഷ്ട്ടം

പിന്നെ അരുണാർദ്ര സൂര്യനായി
ഇരുളിലേക്കലിയുവാനിഷ്ട്ടം...



ദൂരം

എന്നിൽ നിന്നും നിന്നിലേക്കുള്ള ദൂരം
നമ്മൾ എന്ന ഒന്നിലേക്കുള്ള ദൂരം.

മനസ്സിൽ നിന്നും മനസ്സിലേക്കൊരു 
മൗനത്തിന്റെ ദൂരം.

ദുഖങ്ങളതിരിട്ട കിനാക്കളിലേക്കിനിയും
കടലാഴങ്ങളുടെ ദൂരം.

കാമനകളതിരിട്ട കാതങ്ങളാണ് 
കരളിലേക്കുള്ള ദൂരം.

കാമനകളുടെ സാഫല്യങ്ങൾക്ക്
കാലത്തിന്റെ കടൽ ദൂരങ്ങൾ മാത്രം!

വ്യർഥ മോഹങ്ങളുടെ മഴവിൽ
നിറങ്ങൾക്ക് വിരൽതുമ്പിന്റെ ദൂരം.

Wednesday, October 10, 2018

വെറുതെ...

അലറി വരുന്നുണ്ടെനിക്കറിയാം
തിരമാലകൾ തലതല്ലിത്തകർക്കുമ്പോലൊരു
പേപിടിച്ച പടതൻ ശീൽക്കാരമാണ്...

തളിരിട്ട നാമ്പുകൾ ചവിട്ടിയോടിച്ചതി-
നിശിതമാം വാക്കിന്റെ കുന്തവും പേറി
പാഞ്ഞു വരുന്നെന്റെ പാടമാകവേ
പോർക്കളമാക്കുവാൻ...

കണ്ണുണ്ട് കാതുണ്ട് മൂക്കുണ്ട് ചെവിയും
ചുണ്ടുകളുരചെയ്‌വൂ മർത്യരെന്നത്രെ...!
ചോരയാലൊന്നെന്നു ചൊല്ലുമ്പോഴൊക്കെയും
പാരിതിൽ ഭിന്നിച്ച മതസ്ഥരാണവർ !

മതമാണ് മണ്ണിതിൽ മാലിന്യമെന്ന-
റിയുമ്പോഴൊർക്കുക,മർത്യരാണ് നാം.
മധുരമായി മൊഴിയുന്ന വാക്കിനാലിത്തിരി
മണമുള്ള പുഞ്ചിരി വിടർത്തുവാനാവുകിൽ
സ്വർഗ്ഗങ്ങളെല്ലാം സഫലമീ മണ്ണിൽ...
                                   _ രമേഷ്. സി.പി