In my heart

അക്ഷരങ്ങളിലേക്ക് കയറി പോകവേ ഞാനവിടെയെല്ലാം സ്നേഹത്തിന്റെ സുഗന്ദ സുമങ്ങള് കണ്ടു..............rameshvalakada@gmail.com or 9809485003

Saturday, October 23, 2010

ഞാനറിഞ്ഞില്ല!

വേദന വിതുമ്പലായി പരിണമിച്ചതും
നീ കരങ്ങളുയ൪ത്തിയെന്നാ൪ദ്ര-
നയനങ്ങള്‍ തുടച്ചതും ഞാനറിഞ്ഞില്ല!


നാദങ്ങളായ് പെയ്യുന്ന ചിന്തയില്‍
നനഞ്ഞു പിഞ്ഞിയ സ്വപ്നങ്ങള്‍ ചിതറുന്നു.
ഞാനതി൯ ചീളുകളടുക്കിയെ൯
ആത്മ വേദനകള്‍ക്കിന്ധനം നല്‍കുന്നു


അന്തരാളത്തിലെ ആരണ്യകങ്ങളില്‍
അകക്കാമ്പു നീറുമീ ഞാനലയുന്നു...
വിപിനഛായകള്‍ തോറുമേയേതോ
വ്യ൪ത്ഥ മോഹത്തിന്റെ തണുവു തേടുന്നു


വേനലായ് വന്നു വിധിയെന്നില്‍ 
തീ നിറച്ചതും ഞാനതിലുരുകിയൊഴുകി
തപ്ത സാഗരങ്ങളില്‍ 
നിപതിച്ചല്‍പ്പ പ്രാണനായതും 
ഞാനറിഞ്ഞില്ല,നീയരുകിലുള്ളതും!!


പിന്നെയുമെത്രയോ ആണ്ടുകള്‍ കഴിഞ്ഞിരിക്കാം
പഞ്ചഭൂതങ്ങളും പരിണമിച്ചിരിക്കാം
പകലിന്റെ പാതിയില്‍ പകലോ൯
തൊട്ടു വിളിച്ചതാവാമെ൯ കണ്ണു-
തുറക്കവേയരികത്തു നീയിരിപ്പതും കണ്ടു!


''വൈകിയോ?''യീയാ൪ദ്ര നയനങ്ങളാല്‍
ചോദിച്ചു ഞാ൯,മൌഢ്യ ഭാവത്തില്‍.
''ഇല്ല നിയതിയീ മുഹൂ൪ത്തമൊരുക്കി
കാത്തിരുന്നതാ''വാമുത്തരമേകി നീ.


   ===================

Friday, October 22, 2010

പ്രണയം

പ്രണവമെന്നില്‍ പെയ്യുന്നു പേമാരിയായ്!
പ്രാണനെന്നില്‍ നിറയുന്നു നീ൪ചോലയായ്!
പ്രവാഹമായ് പ്രപഞ്ചത്തി൯ പരിഛേദമായ്
പ്രണയമെന്നില്‍ പ്രഫുല്ലമായ്!!!

അഴലിന്റെ നിലാവ്

ഇന്ദു കലേ നീ കാണുന്നില്ലേ
ധരണിയിലന്ത ജീ൪ണ്ണതകള്‍ ?
പകയും രതിയും പടവാളേന്തി
പകലുകളിവിടെ പതിരാക്കും!
പാഴായ്ത്തീരും ജീവിതമോ൪ത്തീ
പതിത൪ കണ്ണീ൪ തുകുന്നു
ഇനിയും ചില മ൪ദ്ദിതരിവിടെ പലതായ്
പഞ്ഞിയ പാട്ടുകള്‍ പാടും:
''നഷ്ട്ടം ഞങ്ങള്‍ക്കൊരു
           ചങ്ങലയെങ്കില്‍
കിട്ടീടുന്നിതാ സ്വതന്ത്ര വീഥികള്‍ ..!
കണ്ണീരുപ്പു കലരും കഞ്ഞിയില്‍
സമത്വ ലോകം കണ്ടുണരുന്നവ൪.
മതങ്ങള്‍ തീ൪ക്കും വ൯ മതിലുകളാല്‍
മനങ്ങളിവിടെ കല്ലായ്ത്തീരും
പടയണിചേരും പലവിശ്വാസങ്ങള്‍
                   പൊരുതും
പോ൪ക്കളമൊഴുക്കും ശോണിതം
ഭുജിച്ചു മോദം കൊള്‍വൂ പൌരോഹിത്വം!
ചാരുകലേയൊരു ചോര പുഴയാല്‍
എന്നീ മണ്ണില്‍ പ്രളയം പെയ്യും?
അന്നീ പഥിത൪ക്കഭയം നല്‍കാന്‍
ആരൊരു പേടകമേകും മ൪ത്ത്യന്?
രജനീകാന്താ,പറയുക നീയീ
മണ്ണില്‍ പുലരും മദകേളികളാല്‍
മനസ്സു പിടയും ധരത൯ മാറില്‍
സാന്ത്വനമേകാതകലുവതെന്തേ?
   ...........................................

Wednesday, October 6, 2010

എനിക്കായ്

നിറങ്ങളെല്ലാമലിയുമീ ജലശേഖരത്തിലെന്റെ
നിനവിന്റ പങ്കായമേന്തിയീ നൌക തുഴയുന്നു ഞാ൯!
തിര കരങ്ങളുയ൪ത്തിയെന്നെ താരാട്ടുന്നു
കാറ്റൂതുന്നു കരയാ൯ തുടങ്ങുന്നാകാശവും...
കാ൪മേഘവും വന്നെന്നെ മൂടുന്നന്ധകാരമെന്റെ ചുറ്റും
ജീവനിനില്ലാ കൊതി,തീരട്ടെ ഞാനെന്ന ജന്മം!

ജഢത്വമേന്തുമീയുയിരെനികെന്തിന്?
ആകാശവും ഭൂമിയും പങ്കിട്ടെടുത്തോട്ടെ
ആഴങ്ങളില്‍ വാ പിള൪ക്കും മത്സ്യങ്ങളും
പിന്നെ പതിതനെ പഴിക്കും ലോകവും.
സ്വന്തമെനിക്കെന്റെ മൌന ദുഃഖങ്ങള്‍ മാത്രം!

എന്നിട്ടുമെനിക്കായാരൊരുക്കിയീ പാഥേയം?
സ്നേഹാക്ഷരങ്ങളും,മൃദുസ്പ൪ശങ്ങളും
ജീവനില്‍ കോ൪ക്കുവാനേറെ സ്മൃതികളും
കൂട്ടിക്കുഴച്ചതാമീ പാഥേയമാരു നീട്ടി?
ഒരു മാത്രയെന്നെ മറന്നു ഞാ൯
ഒരായിരം വസന്തങ്ങളോ൪ത്തു പോയ്!

വ്യ൪ഥ സ്വപ്നത്തിന്റെ കളി വഞ്ചിയേറി
വിണ്ണിലെ സ്വ൪ഗ്ഗത്തിലെത്തി ഞാ൯.
മൂഢമോഹത്തിന്റെ ചാമരമേന്തി
മധുവൂറുമേറെ ഗീതങ്ങള്‍ പാടി ഞാ൯
ഒരുപാടു വ൪ണ്ണങ്ങള്‍ കൊരുത്തേറെ
ചിത്രങ്ങള്‍ രചിച്ചതുമനല്‍പമാമാമക്ഷരങ്ങളാല്‍
ഗീതങ്ങള്‍ കോ൪ത്തതും വെറുതെയെന്നറിയുവാ൯
പിന്നെയും വൈകിയോ;ഈ കാറ്റും കടലു-
മെന്നെ തൊട്ടു വിളിക്കയായീ'സ്വപ്നം
നി൪ത്ഥം,നിഷ്ഫലം പിന്നെ
എന്തിനായീ സ്വപ്നാടനം?'
''വൈകിയോ?''
ഞാനെന്നോടു തന്നെ ചോദിക്കയായ്...

ഈ കടലും തിരയും,കാറ്റും മഴയും
കൊണ്ടു പോയില്ലയെന്നെ,ശേഷിച്ച ഞാനെന്റെ
ജീവനില്‍ നവനാമ്പുകള്‍ മോഹിച്ചതനൌചിത്യമായ്!

മറന്നു,ഞാനെന്റെ നൌകയില്‍ തനിച്ചായിരുന്നു.
മലരുകളെനിക്കപ്രാപ്യമാം തീരത്തിലെന്നും...!

തീരങ്ങളേറാതെ,പുതു മണ്ണിലുറങ്ങാതെ
തിരകളിലേറിയും കാറ്റത്തു കിടുങ്ങിയും
കരയുടെ നെഞ്ചത്തെ സാന്ത്വനമോ൪ത്തു
കരഞ്ഞു കൊണ്ടീ രാവത്തുറങ്ങവേ മാനത്ത്
താരങ്ങളാരോ നീട്ടിയ വെട്ടത്തില്‍
ആരോ മന്ദ്രിക്കുന്നതെന്റെ കാതില്‍ പതിയുന്നു:
''പുലരി പിറക്കും പുതുമഴ പെയ്യും
പിന്നെ നിനക്കായ് പൂക്കള്‍ വിടരും!''
    ***********************************
          *****************************
                ***********************
                       ***************
                              ********
                                    **
                                     *