In my heart

അക്ഷരങ്ങളിലേക്ക് കയറി പോകവേ ഞാനവിടെയെല്ലാം സ്നേഹത്തിന്റെ സുഗന്ദ സുമങ്ങള് കണ്ടു..............rameshvalakada@gmail.com or 9809485003

Monday, April 20, 2020

ഭ്രാന്തം

എന്നോ പിഞ്ഞിയടർന്നു പോയൊരീ
മഴക്കാല പുസ്തകത്തിൽ
മഴവില്ലു നിറം ചാർത്തിയൊരാ
മഴത്തുള്ളികൾക്കുള്ളിൽ
നനഞ്ഞൊട്ടി തണുത്തുപോയൊരാ
യൗവന സ്വപ്നം മിഴി
തുറന്നെന്നെ നോക്കുന്നു.

അരുതരുതെന്നിലഗ്നിയിൽ
പിടയുന്നൊരതിമോഹമമരുന്ന
ഹൃത്തിലെത്തി നോക്കരുത്.

നവനവ മുകുളങ്ങളത്തിരിടുന്നൊരീ
നയനങ്ങളിൽ നീ തപസ്സിരിക്ക !

രവ രഹിതമാം വരികളായി
വിരിയുന്ന വാക്കുകൾക്കുള്ളിൽ
നീയിടി നാദമായി പ്രകമ്പനം കൊള്ളുക.

ഏതോ വിലാപ വേണുവിൽ
നിന്നിനിയും നിലയ്ക്കാത്ത
മോഹം പെയ്യവേ,

മഷി പടരാതിരിക്കുവാനെന്റെ
മിഴിയുടെയാകാശമടച്ചു വച്ചു...

Sunday, February 2, 2020

എന്റെ നിലാവ്

പാഴ്കളയായ് പുലർന്നു ഞാൻ പാരിൽ
പതിരായി പതിയെ കൊഴിഞ്ഞു വീഴാൻ.

വേദന വിതുമ്പുന്ന ചുണ്ടിനാൽ പാടുവാൻ
വ്യർഥ ജന്മത്തിന്റെ വീചികൾ കോർത്തു...

നരച്ച പകലുകൾ,നിറം കെട്ട രാത്രികൾ
നിറമെയില്ലാത്ത വിളറിയ ജീവിതം !

വികലമാം വിചാരങ്ങൾ വളർത്തുന്ന
വിഷ തരുക്കളുടെ തോട്ടങ്ങളും...

തകർന്നടിഞ്ഞു വെറും പാശുവാകവേ,
കാർമേഘമാലകൾ മാഞ്ഞു പോയ്, പിന്നെ,

വിടർന്നെന്റെ വാനിൽ നിലാവെട്ടങ്ങളും,
ജ്വര കദനങ്ങളിൽ ജീവിതം മുളയ്ക്കുന്നു.

വേദനയുടെ ഞരമ്പുകളിലൊരു
കുഞ്ഞു വിരൽ സ്പർശനം..!

വിഷാദ വീചികൾ വസന്ത ഗീതമായി !
വിചാരങ്ങളെല്ലാം വെണ്മേഘ മാലകൾ

പാഴ്കളയുടെ പാടങ്ങളിൽ
പ്രതീക്ഷയുടെ വിത്തുകൾ മുളയ്ക്കുന്നു.

ആനന്ദ ഗീതങ്ങളാലാഘോഷമാകുന്നു
ഇന്നോരോ മാത്രകൾ പോലും !

ഇന്നീ വിടരുന്ന പൂക്കളിലെന്റെ
നിലാവ് പുഞ്ചിരിക്കുന്നു...

Friday, October 4, 2019

വാക്കിന്റെ വാതിൽ.

 

ഓരോ വാക്കുമോരോ വാതിലുകളാവുന്നു
വാക്കിന്റെ ഹൃദയം പോലെ 
മുറിയൊഴിഞ്ഞേ കിടക്കുന്നു...
വാക്കിന്റെ ഭിത്തിയിൽ
വരഞ്ഞിട്ട കോലങ്ങൾ ചിരിക്കുന്നു.
വിളർത്ത വരകളിൽ
വിതുമ്പുന്ന ചുണ്ടുകൾ...
വാക്കൊരു ചിത്രമായി ചിരിക്കുന്നു!
വാക്കെവിടെയെന്നു തിരയവേ,
വിളികൾക്കപ്പുറത്തെവിടെയോ
വാക്കൊരു ധ്വനിയായി മറയുന്നു...

വാക്കിന്റെ വാതിലുകൾക്കപ്പുറത്തേതോ
വിരിയിട്ട ജാലകം വിതുമ്പി നിൽക്കുന്നു.
വിരിയൊതുക്കവേ കാണുന്നു,
വാക്കൊരു പൂക്കാലമായി 
പൂത്തു നിൽക്കുന്നു...
വാക്ക് ഗിരി നിരകളാവുന്നു,
നീർ നദികളാവുന്നു,
നാദ തരങ്കിണിയാവുന്നു.
വാക്കുകൾ കാഴ്ചകൾക്കപ്പുറത്ത്
പ്രപഞ്ച പ്രകാശമാവുന്നു,
വാക്കിന്റെ വെട്ടം
വഴികാട്ടിയാവുന്നു.
വാക്കെന്റെ ഞരമ്പിൽ പൂക്കുന്നു.
വാക്കുണർന്നെന്റെ 
വീഥിയും വിളക്കുമാവുന്നു...

വാക്കെന്നിലേക്കുള്ള വാതിലുകളാവുന്നു
വാക്ക്,ഞാൻ തന്നെയാവുന്നു...!
                     _രമേഷ്. സി.പി



Friday, January 4, 2019

ഇരുട്ട്

 കാലത്തിന്റെ ഹൃദയ സ്പന്ദനം പോലെ ഘടികാരത്തിന്റെ ശബ്ദം എവിടെ നിന്നോ മുഴങ്ങികൊണ്ടേ ഇരുന്നു. പകൽ എരിഞ്ഞടങ്ങിയിട്ടില്ല,എങ്കിലും മുറിക്കുള്ളിൽ ഖനീഭവിച്ച ഇരുട്ട് നിശ്ശബ്ദയായി നില കൊണ്ടു.

എവിടെയൊക്കെയോ നിന്ന് ആരുടെയൊക്കെയോ സംസാരം ഉയർന്നു കേൾക്കുന്നുണ്ട്. ചിലപ്പോൾ കിതപടങ്ങാത്ത നെഞ്ചിൽ നിന്നും ചെറിയ വേദന തോന്നി. ഹൃദയം പൊട്ടിപോകുമോ എന്നു ഭയന്നു. മസ്തിഷ്ക്കത്തിന്റെ മതിലുകൾ ഭേദിച്ചു എന്തൊക്കെയോ പുറത്തേക്ക് ചിതറുമെന്നു തോന്നി.തലയ്ക്കുള്ളിൽ നിന്നും ഒരു പേമാരിയുടെ ഇരമ്പം തുടർന്ന് കൊണ്ടിരുന്നു.

ഒന്നും ഓർക്കാൻ കഴിയാതെ ചിന്തിക്കാൻ കഴിയാതെ ഇരുന്നു പോയി...
മുന്നിൽ വെളിച്ചമില്ല,ഇരുൾ മാത്രം.
കട്ട പിടിച്ച ഇരുട്ട്.
കറുത്ത രൂപങ്ങൾ ആർത്തട്ടഹസിക്കുന്ന ഇരുട്ട്.
വെളിച്ചത്തിന്റെ ഒരു തുള്ളി കാണാൻ കണ്ണുകൾ ദാഹിച്ചു,ഇറുകെ അടച്ച മിഴിക്കുള്ളിൽ വെളിച്ചത്തിന്റെ സ്വപ്നം മരവിച്ചു നിന്നു.
കിതപ്പിന്റെ ഒച്ചയിൽ പോലും പേടിച്ചു.ശ്രവണപുടങ്ങളെ തകർത്തു കളയുന്ന ഘോര ഘർജനം പോലെ ശ്വാസോച്ഛാസം ഞെട്ടിച്ചു കൊണ്ടിരുന്നു.
ജീർണ്ണിച്ച മുറിക്കുള്ളിലെ വായുവിൽ ശ്വാസ ശബ്ദങ്ങൾ പ്രതിധ്വനിച്ചു കൊണ്ടിരിക്കെ, അടുത്തെവിടെയോ നിന്ന് ഒരു പൊട്ടിച്ചിരി ഉയർന്നു.ആരുടെയോ ഉറക്കെയുള്ള സംസാരം അകന്നകന്നു പോയികൊണ്ടിരിക്കുമ്പോൾ തെരുവിന്റെ ഏതോ കോണിൽ നിന്നും ആൾക്കൂട്ടം ഓടിയടുത്തു വന്നു കൊണ്ടിരുന്നു.
നെഞ്ചിൻ കൂട് പൊളിച്ച് ഹൃദയം പുറത്തു വീണു എന്നു തോന്നി.
ഉൾകിടിലത്തോടെ ചാടിയെഴുന്നേറ്റു.ഇരുൾ മൂടിയ മുറിക്കുള്ളിലെ ഏതോ കോണിൽ തലയിടിച്ചു. വേദനയും സങ്കടവും കണ്ണുകളിലൂടെ ഒഴുകി.
പെണ്ണായത് കൊണ്ടല്ലേ?
കണ്ണീര് ചോദിച്ചു.
കാലുകൾ തളർന്നു.ഓടിയടുത്തു വന്ന ആൾക്കൂട്ടത്തിന്റെ പാദപതനം അകന്നകന്നു പോയി.തളർന്ന കാൽമുട്ടിൽ തല ചായ്ച്ചു മിഴികളടച്ചു.പെയ്തു കൊണ്ടിരുന്ന കണ്ണുകളിൽ കടലിരമ്പി...

നല്ല വെയിലുള്ളത് കൊണ്ട് വേഗത്തിലാണ് നടന്നത് .ശരീരത്തെ മൊത്തത്തിൽ ഉരുക്കി കളയുമെന്ന ഭീഷണിയോടെ വെയിൽ ചീളുകൾ പൊള്ളിച്ചു കൊണ്ടിരുന്നു.
നടക്കുമ്പോൾ തഴുകി കടന്നു പോകുന്ന കാറ്റു മാത്രം കാരുണ്യം കാണിച്ചു. ക്ഷീണം തളർത്തുന്ന കാലുകൾ വലിച്ചു നടക്കുമ്പോഴാണ് പിന്നാലെ അവർ വന്നത്.
അവർ ആറു പേരുണ്ടായിരുന്നു എന്നത് എങ്ങനെയാണ് മനസ്സിലായത് എന്നറിയില്ല.പക്ഷെ അവരിൽ ഓരോരുത്തർക്കും പ്രകടമായ ശബ്ദ വ്യത്യാസം ഉണ്ടായിരുന്നു.
സ്ത്രൈണ ശബ്ദത്തിന്റെ ഉടമയാണ് ആദ്യം കൈ കടന്നു പിടിച്ചത്.തിരിഞ്ഞു നോക്കിയപ്പോൾ മുഖം നിറയെ താടി മീശയുള്ള ഒരു പ്രാകൃത രൂപം.പക്ഷെ കൂടെയുള്ളവരിൽ എല്ലാവരും നല്ല രീതിയിൽ വസ്ത്രം ധരിച്ചവരായിരുന്നു.
"എന്താ" എന്നു ചോദിക്കാനുള്ള ശ്രമത്തിനിടയിലാണ് അവരുടെ കണ്ണുകളിലെ കഴുകന്മാരെ കണ്ടത്.ചുറ്റും വളഞ്ഞു നിന്ന അവരെ തട്ടി മാറ്റി വെയിലിലൂടെ ഓടുമ്പോൾ കണ്ണുകളിൽ വെയിൽ മാത്രമായിരുന്നു.കരാളമായ കരങ്ങൾ കൊണ്ട് ഞെരിക്കുന്ന വെയിൽ.
കിതച്ചു കൊണ്ട് ഓടുന്നതിനിടയിൽ എപ്പോഴോ ആണ് പിന്നിൽ ആരും പിൻ തുടരുന്നില്ല എന്നു മനസ്സിലായത്.
ആശ്വാസത്തിന്റെ ശ്വാസം വലിക്കുമ്പോൾ തെരുവിന്റെ മതിൽ കൂമ്പാരങ്ങൾ വിഴുങ്ങുന്നതറിഞ്ഞു.
ജീർണ്ണിച്ച ഒരു വാതിലാണ് മുന്നിൽ.വീണ്ടുമൊന്നു ചിന്തിക്കാൻനിൽക്കാതെ അതു തള്ളിതുറന്നു ഉള്ളിൽ കയറി. മാറാലയുടെ മടുപ്പിക്കുന്ന കൈകൾക്കുള്ളിൽ പെട്ടപോൾ ഏകയാണെന്ന സുരക്ഷിതത്വം ഓർത്തു.
വാതിലടച്ചു തറയിൽ ഇരുന്നപ്പോൾ ഇരുട്ട് കൂട്ടിനു വന്നു. ഭയപ്പെടുത്തുന്ന ഇരുട്ട് തന്നെയാണ് ചിലപ്പോൾ സംരക്ഷണത്തിന്റെ പുതപ്പാവുന്നതും.
ഗതി മുട്ടിയ ചിന്തകളും മിടിപ്പേറിയ ഹൃദയവും പതുക്കെ ഉണരാൻ തുടങ്ങി, പുറത്തു കടക്കണം രക്ഷപെടണം.
എപ്പോൾ വേണമെങ്കിലും എത്തിയേക്കാവുന്ന അധമരുടെ വിശപ്പിൽ നിന്നും രക്ഷപെടണം.
പക്ഷെ എങ്ങിനെ?
അറിയില്ല.
മെല്ലെ വാതിൽ തുറന്നു,പുറത്തേക്ക് നീണ്ട കാഴ്ചയിൽ ഇരുൾ പടർന്ന കെട്ടിടങ്ങളുടെ നിഴലുകൾ കണ്ടു.
രാത്രിയാവുന്നു...
ഉൾക്കിടിലങ്ങളും വിവശതയും പിന്നെയും കീഴടക്കി.
ചരൽക്കൂട്ടങ്ങളിൽ ചവിട്ടി നടക്കുമ്പോൾ തെരുവോരത്തെ മതിലുകളിൽ ന്യൂയർ വിഷസുകൾ കണ്ടു.വർണ്ണങ്ങൾ മിന്നുന്ന വെളിച്ചത്തിൽ ആഘോഷങ്ങളുടെ ധ്വനി മുഴങ്ങി.
മദ്യത്തിന്റെ മണമുള്ള വാക്കുകൾ കൊണ്ട് ആളികൾ കല്ലെറിയുന്നുണ്ടായിരുന്നു.
എങ്ങും നോക്കാതെ ധൃതിയിൽ നടന്നു.
നിഴലുകൾക്ക് കറുപ്പേറി വന്നു. ഉറക്കെ സംസാരിച്ചു നീങ്ങുന്ന ആൾക്കൂട്ടങ്ങൾ കുറഞ്ഞു തുടങ്ങി.വഴി വിജനമായിതുടങ്ങി.പാത വിളക്കുകൾ നിർവികാരമായി നില കൊണ്ടു.ഉഷ്ണക്കാറ്റ് മാത്രംമൂളി പറന്നുകൊണ്ടിരുന്നു.
എവിടെയോ നഷ്ട്ടപെട്ട ചെരിപ്പുകളെ സ്മരിച്ചു കൊണ്ട് കാലുകൾ വേദനിച്ചു.
കൂർത്ത ചരൽ കല്ലുകൾ വല്ലാതെ വേദനിപ്പിച്ചപ്പോൾ നടത്തം നിറുത്തി,ഒരു നിമിഷം നിറഞ്ഞ കണ്ണുകളെ തുടച്ചു കളഞ്ഞു.

ഇരുട്ട് പടന്നു കയറുന്ന ആകാശത്തോളം ഭയവും വലുതായിക്കൊണ്ടിരുന്നു.
നീട്ടി വച്ച കാലുകളിൽ ചങ്ങല വീണത് പോലെ ഒരു ജീപ്പ് വന്നു നിന്നു.
എടുത്തെറിയപെടവേ നിലവിളിയെ ഒരു പ്രഹരം കൊണ്ട് തകർത്തു കളഞ്ഞു.മുഖം നിറയെ താടീ മീശയുള്ളവൻ ആർത്തു ചിരിച്ചു കൊണ്ട് വണ്ടിയോടിക്കുന്നത് കണ്ടു.ശരീരം നിറയെ കൈപ്പത്തികൾ പിടിമുറുക്കിയിരിക്കുന്നു. കൈകൾ മാത്രമുള്ള രൂപങ്ങളാൽ പൊത്തിയപ്പെട്ടത് പോലെ.
വേദനയുടെ വികൃത രവം തൊണ്ടയിൽ പിടഞ്ഞു തളർന്നു. ഒന്നും കാണാൻ അനുവദിക്കാതെ കണ്ണീരൊഴുകി കൊണ്ടിരുന്നു.

രാത്രി,നിറയെ സൂചികളുള്ള വേദനയായി ഉടലിനെ പൊതിഞ്ഞു...
ചിറകടിച്ചു പറക്കുന്ന ഒരു വലിയ കഴുകന്റെ കൂർത്തു മൂർത്ത നഖങ്ങളിൽ കൊളുത്തി വലിച്ചു തൂക്കിയെടുക്കപ്പെട്ടിരിക്കുന്നു.

രക്തമൊഴുകുന്ന മുറിവുകൾ മാത്രമായിരിക്കുന്നു ഞാൻ.
തീഷ്‌ണ നോവുകളുടെ ഏതോ യാമത്തിൽ പ്രഞ്ജയുടെ ബന്ധനവും അകന്നു പോയി.

ഭ്രാന്തമായ താണ്ഡനത്തിൽ അലരിക്കരഞ്ഞു കൊണ്ട് കൺ തുറക്കുമ്പോൾ ചോരയിൽ കുതിർന്ന ശരീരത്തിൽ ഇനിയും മതിയാവാത്ത മാംസ ഭോജികൾ രാക്ഷസ കൂട്ടങ്ങളായി മതിക്കുന്നു.

അർദ്ധ രാത്രിയുടെ ആകാശത്തേക്ക് അമിട്ടുകൾ പൊട്ടി,ആകാശപൂക്കൾ വിടർന്നു.പുതു വർഷത്തിന്റെ കാഹളം മുഴങ്ങി.
കൂട്ടുകാരന് പുതു വർഷം ആശംസിക്കുന്ന സ്ത്രൈണ സ്വരം കേട്ടു.

വായിൽ നിറയെ രക്തം വന്നുനിറഞ്ഞു, മേലാകെ ഞെട്ടി വിറച്ചു.
ഇരുട്ട് കണ്ണിൽ നിറഞ്ഞു.

              രമേഷ്. സി.പി


Friday, December 14, 2018

പ്രണയിക്കുവാനിഷ്ട്ടം

പ്രണയിക്കുവാനിഷ്ട്ടം
പ്രണയത്തിൻ പൂമരമായി പൂക്കുവാനിഷ്ട്ടം

പ്രണയത്തിൻ പാലാഴിയായി     പടർന്നൊഴുകാനിഷ്ടം
പ്രണയത്തിൻ പ്രചണ്ട പ്രവാഹമാകണം.

പ്രണയത്തിനാഴിയിൽ പടരുന്നൊരർക്ക-                                     
രശ്മിയായലയുവാനിഷ്ട്ടം...

പ്രണയത്തെ പ്രാണനാൽ പൊതിയുവാനിഷ്ട്ടം

പ്രണയിച്ചു പിഞ്ഞി
പറന്നുപോകുവാനിഷ്ട്ടം

പിന്നെ അരുണാർദ്ര സൂര്യനായി
ഇരുളിലേക്കലിയുവാനിഷ്ട്ടം...



ദൂരം

എന്നിൽ നിന്നും നിന്നിലേക്കുള്ള ദൂരം
നമ്മൾ എന്ന ഒന്നിലേക്കുള്ള ദൂരം.

മനസ്സിൽ നിന്നും മനസ്സിലേക്കൊരു 
മൗനത്തിന്റെ ദൂരം.

ദുഖങ്ങളതിരിട്ട കിനാക്കളിലേക്കിനിയും
കടലാഴങ്ങളുടെ ദൂരം.

കാമനകളതിരിട്ട കാതങ്ങളാണ് 
കരളിലേക്കുള്ള ദൂരം.

കാമനകളുടെ സാഫല്യങ്ങൾക്ക്
കാലത്തിന്റെ കടൽ ദൂരങ്ങൾ മാത്രം!

വ്യർഥ മോഹങ്ങളുടെ മഴവിൽ
നിറങ്ങൾക്ക് വിരൽതുമ്പിന്റെ ദൂരം.

Wednesday, October 10, 2018

വെറുതെ...

അലറി വരുന്നുണ്ടെനിക്കറിയാം
തിരമാലകൾ തലതല്ലിത്തകർക്കുമ്പോലൊരു
പേപിടിച്ച പടതൻ ശീൽക്കാരമാണ്...

തളിരിട്ട നാമ്പുകൾ ചവിട്ടിയോടിച്ചതി-
നിശിതമാം വാക്കിന്റെ കുന്തവും പേറി
പാഞ്ഞു വരുന്നെന്റെ പാടമാകവേ
പോർക്കളമാക്കുവാൻ...

കണ്ണുണ്ട് കാതുണ്ട് മൂക്കുണ്ട് ചെവിയും
ചുണ്ടുകളുരചെയ്‌വൂ മർത്യരെന്നത്രെ...!
ചോരയാലൊന്നെന്നു ചൊല്ലുമ്പോഴൊക്കെയും
പാരിതിൽ ഭിന്നിച്ച മതസ്ഥരാണവർ !

മതമാണ് മണ്ണിതിൽ മാലിന്യമെന്ന-
റിയുമ്പോഴൊർക്കുക,മർത്യരാണ് നാം.
മധുരമായി മൊഴിയുന്ന വാക്കിനാലിത്തിരി
മണമുള്ള പുഞ്ചിരി വിടർത്തുവാനാവുകിൽ
സ്വർഗ്ഗങ്ങളെല്ലാം സഫലമീ മണ്ണിൽ...
                                   _ രമേഷ്. സി.പി


Wednesday, January 10, 2018

എന്റക്ഷരം

അക്ഷരം വിതച്ചു ഞാനാനന്ദം കൊയ്യുന്നു
അക്ഷരം പെയ്തെന്റെ കണ്ണും നനഞ്ഞു!
അക്ഷരം പെറ്റ പ്രണയവും കണ്ടു ഞാൻ...

അക്ഷരം വരച്ചിട്ട ചിത്രങ്ങൾക്കൊക്കെയും
ചിത്തത്തിലെന്തൊരു ചാരുതയെന്നോ!!!

അക്ഷരം പൂക്കുന്നെന്റെയക്ഷരം മുളയ്ക്കുന്നു!
അക്ഷരത്തിന്നു ശാഖികൾ വളരുന്നു,
അർത്ഥങ്ങളിൽ അനർത്ഥം പെരുകുന്നു.

അക്ഷരങ്ങൾ വിണ്ടുകീറുന്നുന്റെ 
നെഞ്ചകം പോൽ പിന്നെ 
പേടിയോടെ ചാർത്തിയ വള്ളിയും പുള്ളിയും
തടഞ്ഞു ഞാൻ വീണു പൊയ്...!

വിഡ്ഢിയെന്നാരോ എറിഞ്ഞക്ഷരം തറച്ചെന്റെ
കണ്ണുടഞ്ഞു പോയി,കറുത്തെന്റെയക്ഷരം!
                                  
                            -    രമേഷ്. സി.പി

Tuesday, October 1, 2013

വ്യര്‍ഥമൊരു പാട്ട്


           
ആരോ പാടി പതിഞ്ഞൊരീ ഗീതത്തില്‍ 
ഞാനെന്റെ മുളംതണ്ടു ചേര്‍ത്തൊന്നു മൂളുന്നു... 
കാലം കറൂപ്പിച്ച പദമാരി കൊണ്ടെന്റെ 
ഉഷ്ണ്മം പുതപ്പിച്ച ദേഹം തണുക്കട്ടെ! 
മഴക്കാറിന്നാര്‍ദ്രമാം മിഴിപടം തോര്‍ന്നതെന്‍ 
വിഷവിത്തു പാകും നിലങ്ങളില്‍...

കാലമൊരു കവിതയായ് പെയ്യുന്ന നേരത്തിലീ‌‌‌‌ 
മുറിവാര്‍ന്ന ഹൃദയങ്ങള്‍ കേഴുവതെന്തിനൊ...? 
വിചാര വിവേകങ്ങളൊന്നുമില്ലാതെയീ 
വിശ്വം വിഷത്തിന്റെ കൂടാക്കി മാറ്റിയൊര്‍! 
വ്യര്‍ഥമായ് വിലപിക്കുവതെന്തിനായ് വീണ്‍ടും? 

ഇല്ല,ഇനിയില്ല പെയ്യും മേഘമേ, 
നാളേ പുലര്‍കാലമണയും നേരത്തിലീ- 
നാവൊരുഗ്ര വേനലില്‍ കരിഞ്ഞുപോം,
പ്രളയം പെരുപ്പിച്ച ഘോരഘര്‍ജ്ജനത്തലീ 
ഉടലും പിരിഞ്ഞുപോം തരു നിരകള്‍ക്കൊപ്പമേ....

Wednesday, December 12, 2012

കര്‍ഷകന്‍



മിഴി നട്ടു ഞാനീ
അശാന്ത സാഗരത്തിന്‍ 
തീരത്തിരിക്കയാണാത്മ 
ദു:ഖവും പേറി! 

തിര വന്നെ൯റെ 
കഴല്‍ തൊട്ടു ചൊദിക്കയായ്, 
"ദു:ഖിത ഹൃദയാ 
ഞാനും നീ തന്നെയൊ?"

നേരിന്‍റ് നിഴലുകളില്‍ 
നനഞ്ഞ മണല്‍ തരികള്‍ 
മൂടി നിന്നു രവരഹിതമായ് 
നിലവിലിക്കുന്നു!

നിയതിയെനിക്കെന്റെ 
ജന്മഭൂമികയില്‍ 
നിറങ്ങള്‍ കൊണ്ടൊരു 
പൂ വാടി തന്നെങ്കിലും 

പൂക്കളായില്ല ഞാന്‍ 
പുഞ്ചിരി തൂകുവാന്‍ 
ഭ്രമരങ്ങളായില്ല 
ഞാനുല്ലസിക്കുവാന്‍ !

മരുത്തുമായില്ല 
ഞാനാസ്വദിക്കുവാ൯ 
പാദപമായ് പൂക്കളെ 
ചൂടിയുമില്ല ഞാന്‍ !

മാലിയുടെ തൂമ്പയാല്‍ 
തൂത്തെറിഞ്ഞതാം 
പാഴ്ക്കളയായ് 
മണ്ണില്‍ നിപതിച്ചു ഞാന്‍!

എന്നിട്ടുമെത്രയോ 
മലര്‍ത്തോപ്പുകള്‍ 
വളമിട്ടു വളര്‍ത്തി ഞാനെന്‍ 
ഹൃത്തടത്തില്‍... 

മിഴി നീരരുവിയാല്‍ 
തണുപ്പെകി,യെന്‍
സ്വപ്നങ്ങളാല്‍ 
വിത്തെറിഞ്ഞു.

വേദനയുടെ വൃക്ഷ
ശിഖ നാട്ടിയെന്റെ 
ഇഷ്ട്ട കലിക യേന്തും 
ചെടിത്തലപ്പുകള്‍ക്കെല്ലാം...

പൂക്കളായ് വിടര്‍ന്നതില്ലൊന്നും 
പഴങ്ങളായ് കൊഴിഞ്ഞതുമില്ല 
പുഴുത്തിന്നു 
പഴായാശിച്ചതൊക്കെയും! 

കരഞ്ഞു കവിള്‍ വീര്‍ത്തു 
കറുത്ത ജന്മത്തിന്റെ 
ചുമടുതാങ്ങി കാല സാഗരം 
താണ്ടുന്നു ഞാന്‍ ...

Sunday, November 4, 2012

ശബ്ദത


നിറഞ്ഞ നിശബ്ദത!
അതെ നിശബ്ദതയില്‍ എന്തൊ ഉണ്‍ട്,
ചലിക്കാത്ത ശബ്ദങ്ങളുടെ ശ്വാസോശ്ചാസം,
ശബ്ദങ്ങള്‍ ഘനീഭവിച്ച മരവിപ്പ്,
ശബ്ദങ്ങളുടെ ശൂന്യതയില്‍ 
നിറഞ്ഞ ചിന്തകളുടെ കാല്‍പ്പെരുമാറ്റം?
പിന്നെ നിസ്സംഗമായ നിലവിളികള്‍...
നിശ്ബ്ദത ഒരിക്കലും ശൂന്യമാവുന്നില്ല,
നിശബ്ദത സാന്ദ്രമായ ശബ്ദമാണ്!!!

Sunday, October 21, 2012

നിന്നോട്



   
   
എന്നെ നീയറിഞ്ഞില്ലയെന്നൊ,
എന്നാത്മ ഗീതങ്ങൾ നീ കേട്ടില്ലയല്ലേ,
എന്നശ്രു ധാരകൾ നീ കണ്ടില്ലയോ
എ൯ തപിക്കും ഹൃദയവും നീ തൊട്ടില്ലയല്ലേ,
എ൯റെയേകാന്ത ഗഹ്വരങ്ങളിൽ വന്നു നീ
എന്തിനായെന്നെ തൊട്ടുണ൪ത്തി,
നീരുണങ്ങി നിശ്ശബ്ദമായൊരീ തൂലികയിൽ
എന്തിനായ് നീ മഷി നിറച്ചു?
നീരവ നിശ്ചലമാമെന്റെ ലോകത്തിൽ
നി൯ കൊലുസു കൊഞ്ജിചിരിച്ച ഗീതങ്ങൾ
ദാഹമടങ്ങാ കടൽത്തിരകൾ പോലെയായ്...
സരസ മൊഴികളടുക്കിയെ൯ മുന്നിൽ നീ
സുഗന്ധ വാടികൾ തീ൪ക്കുന്നു
അതി൯ സുമങ്ങൾ ചൂടി നീയെന്നെ
അനുഭൂതി പൂക്കും പൂമരമാക്കുന്നു!
പിന്നെ ചുടുകാറ്റു വന്നെന്നെ
ഉണ൪ത്തുമ്പൊഴറിയ്യുന്നു,
നീയരികിലില്ല,നീയെങ്ങോ മറഞ്ഞു പൊയ്!
കിനാവുകൾ കണ്ടു ചിരിച്ചതും ചിന്തകൾ കോ൪ത്തു
ഗീതങ്ങൾ ചമച്ചതും ചന്തമേറും ചിത്രങ്ങൾ രചിച്ചതും
കദനങ്ങൾ കടലായ് വന്നെന്നെ കരയിക്കുവാനോ?
                 

Wednesday, January 18, 2012

പ്രണയ പദങ്ങള്‍


സമുദ്ര സമീരണന്‍ തേടും 
സഹ്യാദ്രി നിരകളുടെ 
സാന്ത്വനം പോലെ, 
നിലാവുറങ്ങുന്ന നീരാഴി തന്‍ 
പുളിനങ്ങളില്‍ പ്രിയേ, 
പതിവു വിട്ടേറെ വാചാലമായ് 
മമ ഹൃത്തിലെ മധു 
മനോജ്ഞമാം ഗീരുക്കളില്‍ 
തളിച്ചിന്നു ഞാ൯ നിന്റെ 
ശോണാധരങ്ങളിലെ 
ആര്‍ദ്രതയില൪ച്ചന ചെയ്‌വൂ... 
തകര്‍ന്നെരിയുമീ 
തപോഷ്ണ പാരമ്മ്യതയില്‍ 
തളിര്‍ കാറ്റു കൊതിപ്പ-
തുയിര്‍ വെടിയുവാനല്ല 
വ്യോമാന്തരങ്ങളില്‍ 
വെണ്‍ മേഘമായുയരുവനല്ലൊ! 
നിലാവിന്റെ പൂമ്പട്ടുമായ് പ്രിയേ 
നീയണയുന്ന നിശയിലെല്ലാം 
നിനവിന്റെയായിര സുമങ്ങളില്‍ 
പ്രണയത്തിന്‍ മധു നിറച്ചു 
നീഹാര ഭാജനം 
നിനക്കായ് നീട്ടും ഞാന്‍!!! 
നീ പിന്നെയുമാമര 
ഛായയിലൊളിക്കവേ 
ഞാനെന്റെയനശ്വര മുദ്ര 
നിന്‍ നീലവേണിയില്‍ 
പൂക്കളായര്‍പ്പിക്കും... 
നദികള്‍ നാദങ്ങളായ് 
നെഞ്ജില്‍ നിറയവേ 
നിനക്കായെന്റെ 
സ്നേഹാക്ഷര നിര്‍ഝരി 
നഭസ്സിന്റെ
സീമ പോലനന്തമായ്ത്തീരും....!

Monday, January 2, 2012

ഭ്രാന്തന്‍






ചിന്തകള്‍ ചിലങ്ക കെട്ടിയാടുന്നു ഹൃത്തില്‍
ചന്തനം ചാലിച്ചു നെരുകയില്‍ തൊട്ടിട്ട് 
ചാരെ നില്‍ക്കുന്നു മോഹമാം തരുണികള്‍!
താലങ്ങളില്‍ ധൂമ മെരിയുമ്പൊഴും ഹൃത്തില്‍ 
നടുങ്ങിയുണരുന്നു ദു:ശ്ചിന്തകള്‍...... 
നിനവിന്റെ തമ്പുരു പുണര്‍ന്നു പാടവേ 
നിനവിലായിര വര്‍ണ്ണങ്ങള്‍ വിടരവേ 
നിനവിന്റെയാഴത്തില്‍ ന്നിന്നൊരുഗ്ര 
പന്നഗം ഫണം വിടര്‍ത്തിയാടുന്നു !
രഥ്യത൯നനന്തമാം ദുരത്തിലെങ്ങൊ 
ശ്രുതിയാര്‍ന്നൊരു ഗീതമൊഴുകിയെത്തുന്നു 
വേദനയുണ്ടതില്‍ വേനലില്‍ തീ പൊലെ! 
വിരസമാം ജീവിതത്തിന്‍ ജലാശയത്തില്‍ 
ജീര്‍ണ്ണിച്ചു മണ്ണടിയുന്നത് നിര്‍വികാരമായ്! 
കരയിലും കടല്‍ത്തിരയിലും മൂകമായ് 
ഓര്‍മ്മകള്‍ ജനിക്കുന്നു ജാരസന്തതി പോല്‍ 
നീരവത്തിലുയരുമൊരയിര രവ ശസ്ത്രമെന്ന
പോല്‍ നിനവിലെപ്പൊഴുമീ ചിന്തകള്‍.....
ചലനങ്ങളില്‍ പെയ്തു തൊരുന്നില്ലിത് 
ചങ്ങലയാലെന്നെ വരിഞ്ഞു മുറുക്കുന്നു! 
പ്രഹേളിക പോലീ ജന്മമലിഞ്ഞു പോയെങ്കിലീ
നിശബ്ദ് നൊമ്പരങ്ങളുമകലെയെങ്ങോ......!

Thursday, August 18, 2011

പി൯വിളികള്‍


"എന്റെ സ്തനത്തില്‍ നിന്നൂറുന്ന 
              തുള്ളിയാല്‍  
 നിന്റെ ഹൃദയത്തില്‍ മതിലുകള്‍ 
              തീ൪ക്കുക!
 നിന്റെ കാരുണ്ണ്യ ദാഹങ്ങളും, 
       താരുണ്ണ്യ മോഹങ്ങളും
ഈ ബിന്ദുവിന്നനന്ദ 
      ശോഭയാലനശ്വരമാക്കുക"


ഇവിടെയാണായിരമ൪ത്ഥങ്ങള്‍ 
ഇവിടെയാണായിരയുക്തികള്‍ 
നിന്റെ ശക്തിയാണിത്,
നിന്റെയാസക്തിയും.....!




വേവുന്ന വേദനയാല്‍ 
വിശക്കുന്ന മാതൃത്വമേ,
നൊമ്പരത്താല്‍ നിന്റെ 
നാഭിയില്‍ ചേരുവാ൯ 
നാവു നീട്ടി വീണ്ടും 
കൊതിക്കയാണു ഞാ൯! 
അ൪ത്ഥവുമന൪ത്ഥവും നേടുവാനീ 
കൊച്ചു ചക്രവാളത്തിലേതു 
സൂര്യനെ തേടും? 
നീ ചൂണ്ടുന്ന വഴികളിലെ൯ 
സൂര്യ൯ മരിച്ചു കിടക്കുന്നു! 
ഞാ൯ തേടുന്ന വഴികളിലോ 
അന്ധകാരം തുറിച്ചു നോക്കുന്നു!
നീളുമെ൯ വഴികളില്‍ കദനങ്ങള്‍ 
മുള്ളുകളായ് ഹൃദയത്തില്‍ 
          തറയ്ക്കുന്നു...
സുഖമാണിത്! 
സ്വന്തമ൪ത്ഥവുമിത്! 
തേടുന്ന വഴികളിലെ 
       വഴികാട്ടിയിത്! 
നാളെയെന്നനന്ത മരീചികയും, 
ഇന്നെന്ന മരുവുന്ന നൊമ്പരവും....


--------------------------------------


Monday, August 15, 2011

ദയ


  
  അന്ധകാരം.അവളുടെ കുഞ്ഞിന്റെ ശബ്ദം മാത്രം ഉയ൪ന്നു കേള്‍ക്കാം 
അവള്‍ കുഞ്ഞിനെ മാറോട് ചേ൪ത്തു വേഗത്തില്‍ നടക്കുകയാണ്.
   അവളുടെ നടത്തയ്കിടയിലെപ്പോഴോ ഒരു നായയും അവളെ പി൯തുട൪ന്നു.
ഒടുവിലതു കുരച്ചു കൊണ്ടു അവളുടെ മേല്‍ ചാടി വീഴുകയും പിന്നെ കുഞ്ഞിനെയും 
കടിച്ചെടുത്തു ഇരുളിലേക്കോടി മറയുകയും ചെയ്തു.
 അവള്‍ കരയാ൯ പോലുമാവാതെ നിശബ്ദയായ്...
 കിതച്ചു കൊണ്ടവളോടുകയാണ്........
 നേരം പുല൪ന്നപ്പോള്‍ കുഞ്ഞിന്റെ ശരീര ഭാഗങ്ങള്‍ തെരുവില്‍ കിടന്നുരുണ്ടു.
 ആളുകളവളെ കല്ലെറിഞ്ഞു!!!
 രാത്രിയില്‍ അവള്‍ തെരുവോരത്തു കിടക്കുമ്പൊള്‍ കുരയ്ക്കാതെ അനേകം 
നായ്ക്കള്‍ അവളുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു.

Monday, June 20, 2011

കരയുക!



കരതലം കൊട്ടിച്ചിരിക്കാം
കണ്ണീരൊഴുക്കി കരയുകയുമാവാം!
കരഞ്ഞു കരഞ്ഞൊരു
കാക്കയായ് കറുക്കാം
കറുക്കാത്ത പകലിന്റെ
കനിവിനായ് കാക്കാം
കൂകുന്ന കുയിലിന്റെ
കുഞ്ഞായ് പിറക്കാം...

കാക ജന്മത്തിന്റെ
കാലം കറുക്കവേ
കരിയായ് മാറിയ
കാമനകള്‍ ക്കെല്ലാം
കാളകൂടത്തിന്റെ
കൈപ്പു നീ൪ നല്‍കി
കല്ലറയ്ക്കുള്ളില്‍ നീ
കരയുക മ൪ത്യാ...

Sunday, May 29, 2011

Lust

നി൯ മിഴികള്‍ മൊഴിവതെന്തോ
നനവൂറും ചൊടികള്‍ വിട൪ന്നതെന്തേ
ആ൪ദ്രമായ് മനം തുടിക്കുന്നു നിന്ന-
നശ്വരമാം പ്രണയം നുകരാ൯....


Wednesday, March 30, 2011

ജീവ വായു

മനസ്സിന്‍ മണലാരണ്ണ്യങ്ങളില്‍
മദം കൊള്ളും പ്രഹേളികയായ്
             നി൯ പ്രണയം!
എ൯ വാസരത്തില്‍ സാന്ധ്യശോഭയ൪ന്നു നീ
നാലുമണിപ്പൂവായ് വിരിയുന്നിതെന്നും!
ഈ ജീവശ്വാസങ്ങളില്‍
കോടാനുകോടിയണുസഞ്ജയങ്ങളില്‍
കാഴ്ചയിലും കാണാകനവുകളിലും
നി൯ സ്മ്രിതികളാല്‍ നിത്യം
ജീവ വായു തേടുന്നു ഞാ൯.....

Thursday, February 24, 2011

ബോധം


കൂരിരുട്ടിന്റെ കുഴിയില്‍
വ൪ത്തമാനത്തിന്റെ
വേനല്‍ത്തീയെരിയുന്നു...


വിശ്വവിജ്ഞാനത്തിന്റെ
നിറവുകളില്‍ നിന്ന്
നിസ്സംഗതയുടെ നിഴലുകള്‍
ജനിക്കുന്നു......


നീ൪പ്പാടുണങ്ങിയ
കവിള്‍ ത്തടങ്ങളിലെല്ലാം
നൈരാശ്യത്തിന്റെ
ബീജങ്ങള്‍ ജനിക്കുന്നു!